Wednesday 18 February 2015

ആ ചുമന്ന റോസാപ്പൂവ് നീ എന്തുചെയ്തു.



പ്രേമിക്കാന്‍ പറ്റിയ ഒരാളല്ല ഞാനെന്ന് സ്കൂള്‍ കാലം മുതല്‍ തന്നെ മനസ്സിലാക്കിയിരുന്നു. എന്റെ രൂപത്തെയും സൗന്ദര്യത്തെയും പറ്റി വല്ലാത്തൊരു അപകര്‍ഷതാ ബോധം എന്നെ ഭരിച്ചിരുന്നു. പത്താം ക്ലാസ്സ് കഴി‍ഞ്ഞ് കൂട്ടുകാര്‍കൂടി എടുത്ത ഒരു ഫോട്ടോയിലെ കവിളുന്തി കഴുത്ത് നീണ്ട എന്റെ ഭയാനകമായ രൂപം കണ്ട് പേടിച്ച് മൂന്ന് രാത്രികള്‍ എനിക്ക് ഉറക്കം വന്നില്ല. ആ ഞെട്ടലില്‍ നിന്നും കുറെ വര്‍ഷത്തേക്ക് മോചനവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഏത് പെണ്‍കുട്ടിയെ പരിചയപ്പെട്ടാലും ഒന്ന് ലൈനിട്ടു നോക്കായാലോ എന്ന തോന്നല്‍ മറ്റുള്ളവരെപ്പോലെ എനിക്കില്ലായിരുന്നു. മനസ്സില്‍ മുളച്ചുപൊങ്ങിയ ചില്ലറ ചില്ല്വാനം അനുരാഗമൊക്കെ അവിടെത്തന്നെ കുഴിച്ചു മൂടി.

വാലന്റൈന്‍ ദിനമൊന്നും ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് അത്ര പ്രചാരത്തിലില്ലായിരുന്നു. കോളേജ് പഠനമൊക്കെ കഴി‍ഞ്ഞ കാലത്താണ് ഈ ആചാരം പത്രത്തിലും ടി.വി.യിലും ഒക്കെ വരുന്നത്. എന്നാലും ഒന്നുരണ്ട് വര്‍ഷമൊന്നും ഈ സാധനം എന്താണന്ന് അത്ര പിടികിട്ടിയില്ല.

അക്കാലത്തെ ഒരു സംഭവം ഇന്നും ഓര്‍ക്കുന്നത് രസകരമാണ്. (സ്ഥലം, സന്ദര്‍ഭം എന്നിവ സ്വകാര്യതയെ മാനിച്ച് മാറ്റിപ്പറയുന്നു.)
 
അന്നൊക്കെ കോളേജു പഠനം കഴിഞ്ഞാല്‍ അടുത്ത പണി ട്യൂഷന്‍ പഠിപ്പിക്കലാണ്. ഫെബ്രുവരി മാസമൊക്കെയാകുമ്പോള്‍ പരീക്ഷക്കാലമായി. പ്രീ-ഡിഗ്രിയ്ക്ക് പഠിക്കുന്ന കുറച്ച് കുട്ടികള്‍ക്ക് ഞാന്‍ ട്യൂഷന്‍ എടുക്കുന്നുണ്ടായിരുന്നു. ഫെബ്രുവരി മാസം പരീക്ഷാ തയ്യാറെടുപ്പിന്റെയും പിരിഞ്ഞുപോകലിന്റെയും ഒക്കെ മാസം കൂടിയാണ്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ആകെ ഒരു എരിപൊരി സഞ്ചാരമുള്ള സമയം. കുട്ടികള്‍ക്ക് സ്റ്റഡി ലീവായിരുന്നു. പക്ഷേ ട്യൂഷന് സ്റ്റഡി ലീവില്ലല്ലോ.

സീന്‍ 1 – ട്യൂഷന്‍ ക്ലാസ്സ് മുറി.

ഒരു ദിവസം ക്ലാസ്സില്‍ കുട്ടികള്‍ പരീക്ഷയുടെ ടെന്‍ഷനൊന്നുമില്ലാതെ ചിരിച്ചും രസിച്ചും കാണപ്പെട്ടു. ചിലര്‍ രഹസ്യമായി ചില തമാശകളൊക്കെ കൈമാറുന്നു.

"ഇന്നെന്തുപറ്റി ? വളരെ ഉത്സാഹത്തിലാണല്ലോ.”

എല്ലാവര്‍ക്കും നാണത്തില്‍ പൊതിഞ്ഞ ഒരു ചിരി വന്നു. ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും ചിരിച്ചു.

"ഇന്ന് വാലന്റൈന്‍സ് ഡേയാണ് സാര്‍ ... " കൂട്ടത്തിലാരോ പറഞ്ഞു.

സത്യത്തില്‍ അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. എവിടെയോ കേട്ട ഒരോര്‍മ്മ മാത്രം. മാതൃദിനം, വനദിനം, ജലദിനം, ക്ഷയദിനം ... അങ്ങനെയെന്തോ ആയിരിക്കുമെന്ന് ഞാന്‍ കരുതി. എങ്കിലും അറിവില്ലായ്മ നടിച്ചില്ല.

"ഓഹോ .... എന്നിട്ട് ... എന്തൊക്കെയാ പരിപാടി?” എന്നായി എന്റെ ചോദ്യം.

"കുറെ പേര്‍ക്കൊക്കെ റോസാ പൂവ് കിട്ടി സാര്‍.”

"അതെന്തിനാ റോസാ പൂവ് കൊടുക്കുന്നേ ?”

"എന്റെ സാറേ, വാലന്റൈന്‍ ഡേയില്‍ റാസാപ്പൂവാ കൊടുക്കുന്നേ.”

ബര്‍ത്ത് ഡേയ്ക്ക് കേക്കൊക്കെ കൊടുക്കുന്ന പോലെ വല്ല ആചാരവുമാകുമെന്ന് ‍ഞാന്‍ ഊഹിച്ചു. എന്നാലും ഈ വാലന്റൈന്‍ ഡേ എന്തായിരിക്കും ? എന്തെങ്കിലുമാകട്ടെ.

"നിങ്ങക്കൊക്കെ റോസാപ്പൂ കിട്ടിയോ ?”

ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ആ രസത്തില്‍ ഞാന്‍ പറഞ്ഞു -

"ആരേലും എനിക്കും കൂടെ താടോ ഒന്ന് ?”

വീണ്ടും കൂട്ടച്ചിരിയായി. ഒപ്പം ഞാനും ചിരിച്ചു. സീന്‍ അവിടെ അവസാനിച്ചു.

സീന്‍ 2

അന്നത്തെ ക്ലാസ്സ് അവസാനിച്ചു. സ്റ്റാഫ് റൂമില്‍ ഞാന്‍ ഒറ്റയക്കിരിക്കുന്നു. ക്ലാസ്സില്‍ നന്നായി പഠിക്കുന്ന നാലഞ്ച് പെണ്‍കുട്ടികളുടെ ഒരു ഗ്രൂപ്പുണ്ട്. അവരതാ മടിച്ചുമടിച്ച് കടന്നുവരുന്നു.
എന്തെങ്കിലും സംശയം ചോദിക്കാനാണെന്ന് കരുതി.

"വാടോ ... എന്താ കാര്യം.?”

"സര്‍, ഇവള്‍ സാറിന് തരാന്‍ ഒരു പൂവ് കൊണ്ടുവന്നിട്ടുണ്ട്.”

ആ ബാച്ചിലെ സുന്ദരിയും മിടുക്കിയുമായ കുട്ടിയെ ചൂണ്ടി കൂട്ടത്തിലെ വായാടി പറഞ്ഞു.
ഓ അവള്‍ക്കെങ്കിലും ഗുരുത്വമുണ്ടല്ലോ എന്നാണ് എനിക്ക് തോന്നിയത്.

"അല്ലേലും അവള്‍ക്കേ എന്നോട് സ്നേഹമുള്ളു ... കൊണ്ടുവാ. ഒരു സമ്മാനം കിട്ടാന്‍ ഞാന്‍ നോക്കിയിരിക്കുകയായിരുന്നു.”

വളരെ ലജ്ജിച്ചും മടിച്ചും അവള്‍ ഒരു ചുമന്ന റോസാപ്പൂവ് എന്റെ നേരെ നീട്ടി.
ഞാന്‍ അതു വാങ്ങി.

"ഇരിക്കട്ടെ , കിട്ടാത്ത ആര്‍ക്കെങ്കിലും കൊടുക്കാമല്ലോ.”

അതു കേട്ട് എല്ലാ വരിലും ഒരു അമ്പരപ്പുണ്ടായി. കൂട്ടത്തിലെ വായാടി പറഞ്ഞു-

"ആര്‍ക്കും കൊടുത്തു കളയല്ലേ സാറേ, അവള്‍ കഷ്ടപ്പെട്ട് തന്നതാ.”

കളകളാ ചിരിച്ച് വായാടിക്കൂട്ടം ഓടിപ്പോയി. ഓടുന്നതിനിടയില്‍ പൂവ് തന്ന പെണ്‍കുട്ടി ഒന്നു തിരി‍ഞ്ഞ് വല്ലാത്തൊരു നോട്ടം സമ്മാനിച്ചതെന്തിനാണെന്ന് മനസ്സിലായില്ല. ഞാനാ പൂവെടുത്ത് മൂലയിലിട്ടു. ആരോ അങ്ങോട്ട് കടന്നു വന്നു. ആ വിഷയം തന്നെ ഞാന്‍ മറന്നു. തറയിലെവിടെയോ വീണ് പൂവ് ചതഞ്ഞു.

ആ വര്‍ഷം കഴി‍ഞ്ഞു. കുട്ടികള്‍ പലവഴിക്ക് പിരിഞ്ഞുപോയി. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലില്‍ ഞാനും എവിടെയെല്ലാമോ അല‍‍ഞ്ഞു. അവരെ പലരെയും പിന്നീട് കണ്ടിട്ടേയില്ല. പിന്നെയും രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞാണ് വൈലന്റൈന്‍സ് ദിനത്തിന്റെയും ചുമന്ന റോസാപ്പൂവിന്റെയുമൊക്കെ കഥ മനസ്സിലാകുന്നത്. എനിക്ക് ആദ്യവും അവസാനവുമായി കിട്ടിയ പ്രണയ സമ്മാനമായിരുന്നു ആ പൂവ്. അറിയാതെ പോയ പ്രണയസമ്മാനം.

No comments:

Post a Comment