Wednesday 18 February 2015

പഥികര്‍ക്കായി പാടുന്നവള്‍ ....




"തേരേ മേരേ സപനേ അബ് ഏക് രംഗ് ഹേ .....”

അവളുടെ പ്രിയപ്പെട്ട പാട്ടാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളാ പാട്ടുപാടുന്നത് സ്വയം അലിഞ്ഞാണ്. ട്രെയിനില്‍ സാധാരണ കാണാറുള്ള വഴിപാട് പാട്ടുകാരെപോലെയല്ല അവള്‍ .... പാടുന്നത് എത്ര ഭംഗിയായാണ് ...

ഒരു ഇരുപത് വയസ്സിലധികം അവള്‍ക്ക് പ്രായം ഉണ്ടാകാനിടയില്ല. നീലക്കണ്ണുകളുള്ള മെലിഞ്ഞ സുന്ദരി. അവളുടെ ഒക്കത്തുള്ള കുട്ടിക്ക് കഷ്ടിച്ച് ഒന്നര വയസ്സുകാണും. ചെമ്പന്‍ മുടി നീട്ടി വളര്‍ത്തി ഓമനത്തമുള്ള കുട്ടി. മുന്നില്‍ കെട്ടിത്തൂക്കിയ ഹാര്‍മോണിയവും ഒക്കത്ത് കുട്ടിയുമായി സര്‍ക്കസ്സുകാരിയെപ്പോലെ അവള്‍ പാട്ടുംപാടി കംപാര്‍ട്ടുമെന്റുകളിലൂടെ തെന്നിനീങ്ങി പ്പോകും. അവളെ കാണാന്‍ തുടങ്ങിയിട്ട് അധികനാളുകള്‍ ആയിട്ടില്ല. എങ്കിലും ഒരുവട്ടം അവളുടെ പാട്ടുകേട്ടാല്‍ ആരും ഓര്‍ത്തിരിക്കും.
ട്രെയിനിലെ മുഷിപ്പന്‍ യാത്രകളില്‍ ഉണര്‍ത്തുപാട്ടുമായി അവള്‍ വന്നപ്പോഴൊക്കെ ഞാനവള്‍ക്ക് പത്തുരൂപയെങ്കിലും നല്‍കിയിട്ടുണ്ട്. നിഷേധങ്ങള്‍ക്കും നാണയത്തുട്ടുകള്‍ക്കിടയില്‍ പത്തുരൂപാ നോട്ട് ലഭിക്കുമ്പോള്‍ നന്ദിയുള്ള ഒരു നോട്ടം പലപ്പോഴും അവള്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലേ ഏതോ സംസ്ഥാനത്തുനിന്നും എത്തിയതാകാം. ഒരിക്കല്‍ പേരു ചോദിച്ചിട്ടുണ്ട്. അവള്‍ ഒന്നും മിണ്ടാതെ പോയി.

ഇന്നു ഞാന്‍ പതിവുള്ള യാത്രയല്ല പോകുന്നത്, പതിവുള്ള ട്രെയിനുമല്ല പതിവുസമയവുമല്ല. ഒളിച്ചോട്ടമാണ്. നാട്ടില്‍ നിന്നും ജീവിതത്തില്‍ നിന്നും. അതുകൊണ്ട് പതിവുകാരാരും ഇല്ല. പ്ലാറ്റ് ഫോമും ഏതാണ്ട് വിജനം. ആ ഏകാന്തതയിലാണ് പ്ലാറ്റുഫോമിന്റെ ഒരരികില്‍ അവളെ കണ്ടത്. കുട്ടി സിമന്റ് ബഞ്ചില്‍ ഉറങ്ങുകയാണ്. അടുത്തെത്തിയപ്പോള്‍ അവള്‍ തലയുയര്‍ത്തി നോക്കി. പരിചയഭാവം മുഖത്തുണ്ടായിരുന്നു. വിഷാദം കരിപുരട്ടിയ മനസ്സിന് ഉണര്‍വാകാന്‍ അവളൊന്നു പാടിയിരുന്നെങ്കില്‍ എന്ന് തോന്നി.

"പാടുമോ ?”

അങ്ങനെ ചോദിക്കുന്നതിന് മടിതോന്നിയില്ല. അവള്‍ക്ക് ഭാഷ അറിയുമോ എന്നും ചിന്തിച്ചില്ല.
ഒന്നു ശങ്കിച്ചശേഷം അവള്‍ ഹാര്‍മോണിയത്തിലൂടെ വിരലുകള്‍ ഓടിച്ചു.

"തേരേ മേരേ സപനേ അബ് ഏക് രംഗ് ഹേ ..... “

പാടിത്തുടങ്ങി. പാട്ടിലലിഞ്ഞ് ഞാനിരുന്നു. ഒന്നിനുശേഷം മറ്റൊന്ന് ... അവള്‍ പാടുകയാണ്. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് ശ്രദ്ധിച്ചില്ല. അവളും .... പ്ലാറ്റ് ഫോമില്‍ ഒരു ട്രെയിന്‍ വന്നുനിന്നു. അവള്‍ പാട്ടുനിര്‍ത്തി. അവളുടെ കണ്ണുകളില്‍ ഈറനുണ്ടോ ?

"പോവുകയാണ് ബാബുജി ..."

അങ്ങനെയാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ ഒരു നൂറുരൂപാ എടുത്ത് അവളുടെ നേര്‍ക്ക് നീട്ടി.
പെട്ടന്ന് അവള്‍ പിന്നോക്കം മാറി. കുട്ടിയെയും എടുത്ത് തിരിഞ്ഞുനോക്കാതെ നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് കയറി.

നൂറുരൂപയുടെ നോട്ട് എന്റെ കയ്യിലിരുന്ന് വിറകൊണ്ടു.

No comments:

Post a Comment